
മലപ്പുറം: ഉപമുഖ്യമന്ത്രിസ്ഥാനം മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. സമൂഹ മാധ്യമങ്ങളിലാണ് ഇത്തരം അഭിപ്രായം വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിസ്ഥാനം സംബന്ധിച്ച് കോൺഗ്രസുമായി ചർച്ച ചെയ്താകും അന്തിമ തീരുമാനമെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെ വ്യക്തമാക്കി. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ലീഗുമായി ചർച്ച ചെയ്താകും കോൺഗ്രസ് തീരുമാനമെടുക്കുകയെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്ക് ജനം മറുപടി നൽകിയെന്നും സാദിഖലി തങ്ങൾ പറഞ്ഞു. വനിതാ സ്ഥാനാർത്ഥികളെ നിർത്തിയതിൽ ലീഗിനെ വിമർശിച്ചവർക്കുള്ള മറുപടിയാണ് ഫാത്തിമ തെഹ്ലിയയുടെ വിജയം. അത്തരം വിമർശനങ്ങൾക്കൊന്നും പ്രസക്തിയില്ലെന്നാണ് ഈ വിജയം കാണിക്കുന്നത്. മുഖ്യമന്ത്രിയെ നിശ്ചയിക്കേണ്ടത് കോൺഗ്രസാണ്. യുഡിഎഫിൽ തമ്മിലടിയുണ്ടാകുമെന്ന ആശങ്കയ്ക്ക് വകയില്ല. അത്തരം മോശം പ്രവണതകളിലേക്ക് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് മുതൽ പ്രവർത്തന നിരതനാണ് വി ഡി സതീശൻ. സംസ്ഥാനം ശ്രദ്ധിക്കേണ്ട വിഷയങ്ങൾ കാര്യകാരണ സഹിതം ജനങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.











